ആഘോഷകാലം ഇന്ത്യക്കാർ അടിച്ചുപൊളിച്ചു, കേന്ദ്ര -സംസ്ഥാന ഖജനാവുകളിലേക്ക് എത്തിയത് 1.82 ലക്ഷം കോടി രൂപ
ആഘോഷകാലം ഇന്ത്യാക്കാർ അടിച്ചുപൊളിച്ച് ആഘോഷിച്ചതോടെ കേന്ദ്ര-സംസ്ഥാന ഖജനാവുകളിലേക്ക് എത്തിയത് 1.82 ലക്ഷം കോടി രൂപ. നവംബർ മാസത്തിലെ ജിഎസ്ടി വരുമാനമാണിത്. മുൻപത്ത് വർഷത്തെ അപേക്ഷിച്ച് നികുതി വരുമാനത്തിൽ 8.5ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത് ഒക്ടോബര് മാസത്തെ അപേക്ഷിച്ചു നികുതി വരുമാനം കുറഞ്ഞു. ഒക്ടോബറിൽ 1.87 ലക്ഷം കോടി രൂപയായിരുന്നു ജി എസ് ടി വരുമാനം. 2017ൽ ജി എസ് ടി സമ്പ്രദായം നടപ്പിലാക്കിയ ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ മാസ വരുമാനമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്.
ഈ വർഷം ഏപ്രിൽ മാസത്തിൽ ലഭിച്ച 2.1 ലക്ഷം കോടി രൂപയുടെ ജി എസ് ടി വരുമാനമാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന മാസ വരുമാനം. ഒക്ടോബറിൽ നടത്തിയ ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വിഹിതമാണ് നവംബറിൽ രേഖപ്പെടുത്തുന്നത്. ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ ഉപഭോഗം രാജ്യത്ത് എമ്പാടും ഉയർന്നതാണ് നികുതി വരുമാനം കൂടാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. ആദ്യത്തെ എട്ടു മാസങ്ങൾ കൊണ്ട് ബജറ്റിൽ പ്രതീക്ഷിച്ചതിലും ഒരു ലക്ഷം കോടി രൂപ അധികം നികുതി നേടാനായി. അതിനാൽ തന്നെ ഇനി അവശേഷിക്കുന്ന നാലു മാസങ്ങളിൽ നികുതി വരുമാനം വർദ്ധിക്കുന്നത് കേന്ദ്രസർക്കാരിന് അഭിമാനവും ആശ്വാസവുമാകും.