24 പേജുള്ള കത്തെഴുതിവെച്ച് 34കാരനായ ഉത്തര്‍പ്രദേശ് സ്വദേശി ജീവനൊടുക്കി; വേർപിരിഞ്ഞ ഭാര്യക്ക് ജീവനാംശം എത്ര എന്നുള്ള കോടതി വ്യവസ്ഥകൾ
24 പേജുള്ള കത്തെഴുതിവെച്ച് 34കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയത് രാജ്യത്ത് ഇപ്പോൾ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. നിയമ വ്യവസ്ഥകള്‍, പ്രത്യേകിച്ച് സെക്ഷന്‍ 498(A)ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇങ്ങനൊരു വകുപ്പ് പ്രകാരം പുരുഷന്മാരും അവരുടെ കുടുംബങ്ങളും അനാവശ്യമായ ആരോപണങ്ങള്‍ നേരിടുന്ന സംഭവങ്ങളെക്കുറിച്ച് ഈ കേസ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ നീതിന്യായ വ്യവസ്ഥയുമായ ബന്ധപ്പെട്ട അതുലിന്റെ അനുഭവം സത്യസന്ധമായാണ് അവതരിപ്പിച്ചതെന്നും കോടതിക്കോ ജഡ്ജിക്കോ തെറ്റ് പറ്റിയിട്ടില്ലെന്നും അതുലിന് വേണ്ടി കുടുംബകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ദിനേഷ് മിശ്ര പറഞ്ഞു.
എന്നാൽ അതുല്‍ ജീവനൊടുക്കാൻ കാരണം കോടതി ഉത്തരവല്ലെന്ന് മിശ്ര പറഞ്ഞു. ബംഗളൂരുവില്‍ എഐ എഞ്ചിനീയറായി ജോലി ചെയ്യുന്ന അതുലിന്റെ മാസവരുമാനം ഏകദേശം 84,000 രൂപയാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. ജൂലൈയില്‍ ജൗന്‍പുരിലെ കുടുംബ കോടതി അതുലിന്റെ കുട്ടിക്ക് മാസം 40000 രൂപ ജീവനാംശമായി നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കുട്ടിയുടെ ചെലവുകള്‍ക്കുവേണ്ടി പ്രത്യേകം നീക്കിവെച്ചതാണെന്നും ഭാര്യയ്ക്ക് വേണ്ടിയുള്ള ഒരു വ്യവസ്ഥയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി,കുട്ടിക്ക് നല്‍കിയ ഈ തുക അധികമാണെന്ന് അതുല്‍ കരുതിയിരിക്കാം. ഈ തുക അധികമാണെന്ന് അയാള്‍ക്ക് തോന്നിയെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹം ഹൈക്കോടതിയില്‍ പോകേണ്ടതായിരുന്നു.അഭിഭാഷകൻ പറഞ്ഞു.ജീവനൊടുക്കുന്നത് ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസില്‍ കോടതിക്ക് പുറത്ത് ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിനുള്ള സാധ്യത അദ്ദേഹം നിഷേധിച്ചു.