ജമാഅത്തെ ആശയങ്ങളാണ് വാഫി കോളേജുകളിൽ പ്രചരിക്കുന്നത്;മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള വാഫി കോളേജുകൾക്കെതിരെ, അബ്‌ദുൽ സലാം ബാഖവി
മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള വാഫി കോളേജുകൾക്കെതിരെ സമസ്ത മുശാവറ അംഗം അബ്ദുൽ സലാം ബാഖവി. കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസിൻ്റെ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ അനുയായികൾക്ക് എതിരെയാണ് വിമർശനം. ജമാഅത്തെ ആശയങ്ങളാണ് വാഫി കോളേജുകളിൽ പ്രചരിക്കുന്നതെന്നും, ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ ഹക്കീം ഫൈസിയുടെ അനുയായികൾ ലഡു വിതരണം നടത്തിയെന്നുമാണ് സുന്നി ആദർശന സമ്മേളനത്തിൽ സലാം ബാഖവി ആരോപിക്കുന്നത്. ഈ ലഡു വിതരണം 2010 ജൂലൈ നാലിന് പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളേജിൽ നടന്നുവെന്ന് സലാം ബാഖവി പറഞ്ഞു.
ചരിത്രം പരിശോധിച്ചാൽ എന്തിനാണ് ആ ലഡു വിതരണം നടന്നതെന്ന് മനസിലാക്കാൻ കഴിയും. പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളജിലെ പ്രിൻസിപ്പൽ, ഹക്കീം ഫൈസിയുടെ വലംകൈ അല്ലേയെന്നും സലാം ബാഖവി ചോദിച്ചു.എന്നാൽ സലാം ബാഖവിയുടെ വാക്കുകൾ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.