നടൻ അല്ലു അർജുൻ അറസ്റ്റിൽ
തെലുങ്ക് ചലച്ചിത്ര നടൻ അല്ലു അര്‍ജുന്‍ അറസ്റ്റിൽ. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടനെ അറസ്റ്റ് ചെയ്യ്തിരിക്കുന്നത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. നടനെ ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരികയാണ് പൊലീസ്.ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്.
അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ. മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം സന്ധ്യ തിയറ്റര്‍ മാനേജ്മെന്‍റ്, അല്ലുവിന്‍റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതല ഉള്ള ആള്‍, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതേസമയം അല്ലു അര്‍ജുന്‍ ഈ കേസില്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കോടതി കേസ് ഫയലില്‍ സ്വീകരിച്ചിട്ടേയുള്ളൂ. നടന്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നതിന് മുന്‍പാണ് പൊലീസിന്‍റെ നടപടി.
അതേസമയം അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നതിനാല്‍ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അവര്‍ക്ക് ഒരുക്കാനായില്ല. പോരാത്തതിന് അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി സംഘം ആളുകളെ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു. തുറന്ന ജീപ്പില്‍ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അല്ലു സ്ഥലത്തേക്ക് അന്ന് എത്തിയത്. അതേസമയം സംഭവത്തില്‍ അനുശോചിച്ചും രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചും അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു.രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീ തേജിന്‍റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകും, അല്ലു അര്‍ജുന്‍ അറിയിച്ചിരുന്നു.ഇത്തരമൊരു സംഭവം നടന്നതിൽ ഹൃദയം തകർന്നു എന്നും നടൻ പറഞ്ഞു.