ചില സീരിയലുകൾ സംസ്കാരത്തെ മുറിപ്പെടുത്തുകയും,മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്‌യുന്നു; സീരിയൽ സംഘടനയായ ആത്മക്ക് തക്ക മറുപടിയുമായി നടൻ പ്രേം കുമാർ
സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി നടൻ പ്രേംകുമാർ. ആത്മയുടെ തുറന്ന കത്തിന് തുറന്ന കത്തിലൂടെ തന്നെയാണ് പ്രേം കുമാർ മറുപടി നൽകിയിരിക്കുന്നത്. ചില സീരിയലുകൾ സംസ്കാരത്തെ മുറിപ്പെടുത്തുകയും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നു പ്രേം കുമാർ പറഞ്ഞു. ജീവിതവും ബന്ധങ്ങളും ഇങ്ങനെയാണെന്ന് പുതുതലമുറ തെറ്റിദ്ധരിക്കുകയാണ്. ചില പരിപാടികൾ എൻഡോസൾഫാൻ പോലെ അപകടമാണെന്ന നിലപാട് പ്രേം കുമാർ ആവർത്തിച്ചു. ഇത് മനുഷ്യരുടെ ചിന്തയെ വികലമാക്കി മാനസിക വൈകല്യം ഉണ്ടാകുന്നുവെന്നും പ്രേം കുമാർ പറഞ്ഞു.
ഈ വിഷയത്തിൽ ആത്മയെ പരസ്യസംവാദത്തിന് ക്ഷണിക്കുന്നുവെന്നും പ്രേം കുമാർ പറഞ്ഞു. താൻ സീരിയൽ വിരുദ്ധനല്ല, ഉള്ളടക്കത്തെയാണ് താൻ വിമർശിച്ചതെന്നും, തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും തുറന്ന കത്തിൽ നടൻ പറഞ്ഞു. അതേസമയം ചില മലയാളം സീരിയലുകൾ 'എൻഡോസൾഫാൻ' പോലെ സമൂഹത്തിന് മാരകമാണെന്ന് പ്രേം കുമാർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സീരിയൽ അഭിനേതാക്കളുടെ സംഘടനായ ആത്മ തുറന്ന കത്തുമായി രംഗത്ത് വന്നത് , എൻഡോസൾഫാൻ എന്ന പ്രസ്താവനയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. സീരിയലുകളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേം കുമാർ ഇരിക്കുന്നതെന്നും സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി പ്രതിരിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ പ്രേംകുമാറിന്റെ നിലപാടിനെ അപലപിക്കുന്നതായിട്ടായിരുന്നു ആത്മയുടെ വിമർശനം.