പാലക്കാട്ട് നിശബ്ദപ്രചാരണ ദിവസം ആളിക്കത്തികൊണ്ട് ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍
പാലക്കാട്ട് നിശബ്ദപ്രചാരണ ദിവസം ആളിക്കത്തി പരസ്യവിവാദം. സന്ദീപ് വാര്യരുടെ മുന്‍കാല ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് തെഞ്ഞെടുപ്പ് കമ്മിറ്റിയുടെ പത്രപ്പരസ്യമാണ് വിവാദമായത്. സമസ്ത ഇ.കെ വിഭാഗത്തിന്റെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലുമാണ് പരസ്യം ഇടം പിടിച്ചത്. പരസ്യത്തിനെതിരേ യുഡിഎഫും ന്യായികരിച്ച് സിപിഐഎമ്മും രംഗത്തെത്തി. വടകരയിലെ കാഫില്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വേര്‍ഷനാണ് പത്രപ്പരസ്യമെന്നാണ് യുഡിഎഫ് പ്രതികരണം.
ഇനിയും ഡിലീറ്റ് ചെയ്യാത്ത സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ എന്താണ് തെറ്റെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ചോദിക്കുന്നു.സന്ദീപ് വാര്യരുടെ പഴയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് സിറാജിന്റെയും സുപ്രഭാതത്തിന്റെയും ഒന്നാം പേജില്‍ പരസ്യമായത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരില്‍ വന്ന പരസ്യത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. സിപിഐഎമ്മിന്റെ ഗതികേടാണ് പത്രപരസ്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഐഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഐഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.