പ്രാണപ്രതിഷ്ഠയ്ക്കു ശേഷമുള്ള ആദ്യത്തെ തിലകോത്സവത്തിനായി അയോദ്ധ്യ ഒരുങ്ങുന്നു
പ്രാണപ്രതിഷ്ഠയ്ക്കു ശേഷമുള്ള ആദ്യത്തെ തിലകോത്സവത്തിനായി അയോദ്ധ്യ ഒരുങ്ങുന്നു. ആദ്യമായാണ് സീതയുടെ ജന്മസ്ഥലമായ നേപ്പാളിലെ ജനക്‌പൂരില്‍ നിന്നും സമ്മാനങ്ങൾ കൊണ്ടുവരുന്നത്, ആ ഒരു പ്രത്യേകതയും ഇത്തവണത്തെ ഈ തിലകോത്സവത്തിനുണ്ട്. നവംബർ 18 ന് ആണ് അയോധ്യ രാമക്ഷേത്രത്തിലെ തിലകോത്സവം. ശ്രീരാമന്‍റെ നെറ്റിയിൽ തിലകം അടയാളപ്പെടുത്തുന്ന ആഘോഷമാണ് തിലകോത്സവം. 103 വാഹനങ്ങളിലായി 251 തിലക്‌ധാരുക്കളാണ് ജനക്‌പൂർ ധാമിൽ നിന്ന് സമ്മാനങ്ങളുമായി എത്തുന്നത്. നവംബർ 16-ന് നേപ്പാളിൽ നിന്ന് പുറപ്പെടുന്ന ‘തിലഖറസ്’ നവംബർ 17-ന് അയോധ്യയിലെത്തും.
പഴങ്ങൾ, പൂക്കൾ, മധുരപലഹാരങ്ങൾ, സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയുൾപ്പെട്ടതാണ് സമ്മാനപ്പെട്ടികള്‍, ട്രക്കുകളിൽ 501 മരപ്പെട്ടികളിലായാണ് സമ്മാനങ്ങള്‍ അയോധ്യയിലേക്ക് അയക്കുന്നത്. അതേസമയം നേരത്തെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി രാജ്യത്തിനകത്തും ,പുറത്തും നിന്നുള്ള നിരവധി ഭക്തർ നിരവധി ഉപഹാരങ്ങൾ സമർപ്പിച്ചിരുന്നു.ആ സമയത്തും ജനക്‌പൂരിൽ നിന്ന് മൂന്ന് ട്രക്കുകളിലായി സമ്മാനങ്ങൾ അയോധ്യയിൽ എത്തിയിരുന്നു, അതിനിടെ ശ്രീരാമന്‍റെയും സീതയുടെയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ ജനക്‌പൂർ ധാമിൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ ആറിന് പഞ്ചമി ദിനത്തിലാണ് രാമന്‍ , സീത വിവാഹം. ഈ ചടങ്ങും വളരെ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തര്‍.