തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയെടുക്കാൻ ബിജെപി
തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ് തർജമയായി അയക്കാൻ നിർദേശം നൽകി. ദേശീയ നേതൃത്വം പ്രതികരണങ്ങൾ പരിശോധിക്കും. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളെ അകറ്റിയ പ്രതികരണങ്ങൾ എല്ലാം ശേഖരിക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറിനാണ് ചുമതല നൽകിയിരിക്കുന്നത്. ദേശീയ നേതൃത്വം നേരിട്ടാണ് അന്വേഷണം നടത്തുന്നത്.
വിവാദ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുകയാണ് . ദേശീയ നേതാവ് അപരാജിത സാരങ്കി അന്വേഷണം തുടങ്ങിയിട്ടുണ്ട് . അന്വേഷണം വളരെ രഹസ്യമായി നടത്താനും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ദേശീയ നേതാക്കൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും എന്നാണ് സൂചനകൾ . പാലക്കാട് തോൽവിക്ക് പിന്നാലെ ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടരുകയാണ്. സി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം പരസ്യ നിലപാടെടുത്തതോടെ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. കൗൺസിലർമാരെ പ്രതിക്കൂട്ടിലാക്കിയാൽ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനയുണ്ട്.
പരാജയത്തിന് കാരണം കൗൺസിലർമാരെന്ന റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതിനിടെ ഇന്ന് നഗരസഭാ കൗൺസിൽ യോഗവും ചേരുന്നുണ്ട്. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപി ഭരണമുള്ള നഗരസഭയെ പഴിചാരി നേതൃത്വത്തിന് നൽകിയ വിശദീകരണം പുറത്തായതോടെയാണ് പൊട്ടിത്തെറികളുടെ തുടക്കം. നഗരസഭയ്ക്കെതിരായ വിമർശനങ്ങളിൽ, നേതൃത്വത്തിനെതിരെ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ തുറന്നടിച്ചു. സ്ഥാനാർഥി നിർണയം പാളിയെന്ന് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറഞ്ഞിരുന്നു.