Film NewsKerala NewsHealthPoliticsSports

അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ചു

03:04 PM Dec 02, 2024 IST | Abc Editor

അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തുടര്‍ച്ചയായുള്ള അഞ്ചാം ദിവസവും സ്തംഭിച്ചു. കോണ്‍ഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യം യോഗം ബഹിഷ്ക്കരിച്ചു. ഭരണഘടനയില്‍ രണ്ട് ദിവസത്തെ ചര്‍ച്ച നടത്തിയാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും സര്‍ക്കാര്‍  ഈകാര്യം ഗൗനിച്ചിരുന്നില്ല .അദാനി, മണിപ്പൂര്‍, വയനാട്, സംഭല്‍, ഫിഞ്ചാല്‍ ചുഴലിക്കാറ്റില്‍ തമിഴ്നാടിന് സഹായം, കര്‍ഷക പ്രതിഷേധം വിഷയങ്ങള്‍ ലോക്സഭയിൽ അടിയന്തര പ്രമേയമായും രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയെങ്കിലും ഉയര്‍ന്ന് കേട്ടത് അദാനി മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മാത്രമാണ്.

പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക് സഭയില്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നെങ്കിലും നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. പിന്മാറാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ പിരിഞ്ഞു. പന്ത്രണ്ട് മണിക്ക് ചേര്‍ന്നപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടായില്ല.  തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു. ഇന്ത്യ ചൈന വിഷയത്തില്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ലോക് സഭയില്‍ നടത്താനിരുന്ന പ്രസ്താവനയും മാറ്റി വച്ചു. രാജ്യസഭയിലും ചെയര്‍മാന്‍ ചർച്ച അനുവദിച്ചില്ല. പ്രതിപക്ഷത്തെ കണക്കറ്റ് വിമര്‍ശിച്ച് ജഗദീപ് ധന്‍കര്‍ രാജ്യസഭ നാളത്തേക്ക് പിരിച്ചുവിട്ടു.

Tags :
Adani issueParliament
Next Article