നവീൻ ബാബുവിന്റെ ആത്മഹത്യയിൽ താൻ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുമെന്ന് കളക്ടർ അരുൺ കെ വിജയൻ
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി ദിവ്യയെ യാത്ര അയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന കളക്ടർ അരുൺ കെ വിജയന്റെ മൊഴി കുടുംബം തള്ളിയിരുന്നു.എന്നാൽ ഈ കേസിൽ താൻ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുമെന്ന് കളക്ടർ അരുൺ കെ വിജയൻ പറയുന്നു. കുടുംബത്തിന്റെ ആരോപണം പൊലീസ് അന്വേഷിക്കട്ടെ. മൊഴിയിൽ കൃത്യമായ വിവരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ ഇനിയും പൊലീസ് അന്വേഷിക്കട്ടെ. ആശയക്കുഴപ്പങ്ങൾ അന്വേഷണത്തിൽ മാറും കളക്ടർ അരുൺ വിജയ് പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുൻപ് ഉത്തരം പറഞ്ഞതാണ്. അതിൽ കൂടുതലൊന്നും പറയാനില്ലെന്നും അരുൺ കെ വിജയൻ കൂട്ടിച്ചേർത്തു. യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞതിന് ശേഷം തന്നെ ചേംബറിലെത്തി നവീൻ ബാബു കണ്ടിരുന്നു എന്നാണ് കളക്ടർ പൊലീസിന് നൽകിയ മൊഴി. എന്നാൽ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഈ പരാമർശമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞിരുന്നു . കളക്ടറുടെ മൊഴി ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലായ പി പി ദിവ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
അതേസമയം അരുൺ കെ വിജയനുമായി നവീൻ ബാബുവിന് നല്ല ആത്മബന്ധം ഉഉണ്ടായിരുന്നില്ല എന്നും, നവീൻ ചേംബറിലെത്തി കളക്ടറെ കണ്ടെന്ന വാദം അംഗീകരിക്കില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞിരുന്നു.