ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് സമ്മാന കൂപ്പൺ വിതരണം ചെയ്യുന്നു ; കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി
കർണാടകയിലെ 3 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 3 വനിതകളടക്കം 45 സ്ഥാനാർത്ഥികളാണ്. അതിൽ ചന്നപട്ടണയിലാണു കൂടുതൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്, ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് സമ്മാന കൂപ്പൺ വിതരണം ചെയ്യുന്നതായി കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാഗഡി, രാമനഗര മണ്ഡലങ്ങളിൽ 5,000 രൂപയുടെ സമ്മാന കൂപ്പൺ കോൺഗ്രസ് വിതരണം ചെയ്യ്തിരുന്നു.
തിരഞ്ഞെടുപ്പിനു ശേഷം ഇവയുമായി ബെംഗളൂരുവിലെ മാളിലെത്തിയപ്പോഴാണ് അവ വ്യാജമാണെന്നും തങ്ങൾ കബളിപ്പിക്കപ്പെട്ട തെന്നും ജനങ്ങൾ അറിയുന്നത്. ഇപ്പോൾ ഇതേ തന്ത്രമാണ് ചന്നപട്ടണയിലും നടത്തുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള ജനതാദളിന്റെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് പാർട്ടി സംസ്ഥാന നിർവാഹകസമിതി അധ്യക്ഷൻ ജി.ടി.ദേവെഗൗഡ എംഎൽഎയെ ഒഴിവാക്കി. സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി പ്രഖ്യാപിച്ച പട്ടികയിൽ മുൻ പ്രധാനമന്ത്രിയും ദൾ ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവെഗൗഡ ഉൾപ്പെടെ 40 പേരാണുള്ളത്. ചന്നപട്ടണയിലെ ദൾ സ്ഥാനാർഥി നിഖിൽ ഗൗഡയുടെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും തന്നെ ആരും അവിടേക്ക് ക്ഷണിച്ചില്ലെന്നും ദേവെഗൗഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണു പാർട്ടിക്കുള്ളിലെ കല്ലുകടി പരസ്യമായത്.