ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ്
04:08 PM Nov 08, 2024 IST | ABC Editor
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നത്.
നിലക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കുവാൻ ഉള്ള ജർമൻ പന്തൽ സജ്ജീകരിച്ചു.ഇതോടൊപ്പം പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങൾക്ക് ദർശനം പൂർത്തിയാക്കാനും തീർത്ഥാടനം സുഗമമാക്കാനും സഹായിക്കും .