സാമൂഹിക സുരക്ഷ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിയുമായി ധനവകുപ്പ്; മലപ്പുറം കോട്ടക്കൽ നഗരസഭയിൽ വൻ ക്രമക്കേട്
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്. മലപ്പുറം കോട്ടക്കൽ നഗരസഭയിൽ വമ്പൻ ക്രമക്കേട് കണ്ടെത്തി . കോട്ടക്കൽ നഗരസഭയിൽ ധനവകുപ്പ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഈ നഗരസഭയിലെ ഏഴാം വാർഡിൽ പെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും അനർഹർ ആണെന്നുള്ള കണ്ടെത്തലിലാണ് ഇങ്ങനൊരു നടപടി. ഈ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്കുള്ള നിർദേശം നൽകിയിട്ടുണ്ട്. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ചുള്ള പരിശോധനയിൽ 38 പേരും അനർഹരാണെന്ന് കണ്ടെത്തി. ബിഎംഡബ്‌ള്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ എല്ലാ സുഖ സൗകര്യങ്ങളുമുണ്ട്. ഭാര്യയോ, ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുകയും ചെയ്യുന്നു. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി,കോട്ടക്കൽ നഗരസഭയിൽ ഇങ്ങനൊരു തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും ധന മന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി.മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് ആന്റി കറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണം ആരംഭിക്കുന്നത്.