ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം; ആഞ്ഞടിച്ചു സി പി എം
ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ താത്കാലിക വൈസ്ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി തീർക്കാനുള്ള ഗവർണ്ണറുടെ നീക്കത്തെ നിയമപരമായും ജനകീയ പ്രതിഷേധമയുർത്തി ചെറുക്കും. നേരത്തെ കെടിയുവില്‍ സിസ തോമസിനെ താല്‍കാലിക വിസിയായി നിയമച്ചപ്പോള്‍ തന്നെ കോടതി തടഞ്ഞതാണ്. അത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് ഗവര്‍ണര്‍ സമീപിച്ചപ്പോള്‍ പഴയ ഉത്തരവ് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഹൈക്കോടതി അന്ന് ചെയ്യ്തത്.
അതേസമയം സര്‍ക്കാര്‍ കൊടുത്ത പട്ടിക പരിഗണിക്കാതെയാണ് ഇപ്പോള്‍ തന്നിഷ്ടപ്രകാരം ഇവരെ നിയമിച്ചത്. ഹൈക്കോടി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയും മുന്‍പേ അത് ലംഘിച്ച് വിസിമാരെ നിയമിച്ചത് കടുത്ത ധിക്കാരവും നിയമത്തിനോടുള്ള വെല്ലുവിളിയുമാണ്. നിയമവിരുദ്ധമായി മനപ്പൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുകയും കോടതിവ്യവഹാരങ്ങള്‍ വഴി സര്‍വ്വകലാശാലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ചാന്‍സലര്‍ ചെയ്യുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കടുത്ത പരിശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാൽ ഒരുതരത്തിലും ഈ മേഖല മെച്ചപ്പെടാന്‍ അനുവദിക്കില്ലെന്ന വാശിയില്‍ ഇടപെടുന്ന ഗവര്‍ണര്‍ ഇവിടുത്തെ വിദ്യാഭ്യാസ, തൊഴില്‍ മേഖലയെ നിരന്തരം പരിഹസിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്.