For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ജാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

11:39 AM Nov 28, 2024 IST | ABC Editor
ജാർഖണ്ഡിൻ്റെ 14 ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടിൽ ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കുക. ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം ചൊല്ലിക്കൊടുക്കും.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ, എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ജാർഖണ്ഡിലെ ആധികാരിക വിജയത്തോടെ നാലാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ് ഹേമന്ത് സോറൻ. ഹേമന്ത് സോറനൊപ്പം ഭാര്യ കൽപ്പന സോറനും ജെഎംഎമ്മിൽ നിന്നുള്ള 6 മന്ത്രിമാരും കോൺഗ്രസ് ആർജെഡി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്യും.അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും.

അതേസമയം, സിപിഐഎംഎൽ ലിബറേഷൻ സർക്കാരിനെ പുറത്തുനിന്നായിരിക്കും പിന്തുണയ്ക്കുക. ജാർഖണ്ഡിൽ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎൽ 2 സീറ്റിലാണ് വിജയിച്ചത്.

Tags :