ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്യ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ കോടതിയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ ഹൈക്കോടതിയിൽ. റിപ്പോർട്ട് പ്രകാരം രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു. ഒരു അതിജീവിതയുടെ പരാതിയിൽ മാത്രം 11 കേസുകളെടുത്തിട്ടുണ്ടെന്നും എസ് ഐ ടി സംഘം ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
ഹേമ കമ്മിറ്റിയിൽ പേരുളള എല്ലാവരേയും എസ് ഐ ടി ബന്ധപ്പെട്ടോ എന്ന് ഡബ്ല്യൂസിസി കോടതിയിൽ സംശയം പ്രകടിപ്പിച്ചു. റിപ്പോർട്ടിൽ പേരുളള എല്ലാവരുമായും സംസാരിച്ചെന്ന് സർക്കാർ മറപടി നൽകി. അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക പൊലീസ് സംഘം കോടതിയിൽ ഹാജരാക്കി. ഹർജികൾ ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
അതേസമയം ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ മുൻപ് പറഞ്ഞിരുന്നു. കൂടാതെ മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.