Film NewsKerala NewsHealthPoliticsSports

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില്‍ അപാകത

11:34 AM Dec 21, 2024 IST | ABC Editor

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില്‍ ക്രമക്കേട് തെളിയിച്ച് ദുരന്തബാധിതരുടെ പരാതികള്‍. പട്ടികയില്‍ അര്‍ഹരായ പലരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നിരവധി പേരുകള്‍ ഒന്നിലേറെ തവണ വന്നിട്ടുണ്ടെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചു. കരട് പട്ടികയ്‌ക്കെതിരെ ദുരന്തബാധികര്‍ എല്‍എസ്‌ജെഡി ജോയിന്റെ ഡയറക്ടറെ പരാതി അറിയിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനു മാധ്യമങ്ങളോട്‌ പറഞ്ഞു.

ദുരന്തം നടന്ന് അഞ്ച് മാസം പിന്നിടുകയാണെന്നും ദുരന്തബാധിതര്‍ ഇപ്പോഴും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മനു ചൂണ്ടിക്കാട്ടി. ഇത്രയും കാലമെടുത്ത് തയാറാക്കിയ കരട് പട്ടികയിലാണ് വലിയ അപാകതകളുണ്ടായിരിക്കുന്നത്. ചൂരൽ മല മുണ്ടക്കൈ ദുരന്തത്തിൽ വൻ അഴിമതിയാണ് നടക്കുന്നത് എന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത് .മുണ്ടക്കൈ ഭക്ഷ്യ കിറ്റ് വിതരണവും വൻ ക്രമക്കേടുകൾ ആണ് വിലയിരുത്തിയിരുന്നത് .

വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവരെയാണ് ഒന്നാം ഘട്ടപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതാണ് മാനദണ്ഡമെങ്കില്‍ പൂര്‍ണമായും വീട് നഷ്ടപ്പെടാത്ത നിരവധി പേരുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ഹരായ പലരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുമില്ല. അപാകതകള്‍ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

388 കുടുംബങ്ങളാണ് ഒന്നാംഘട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ടൗണ്‍ഷിപ്പിനുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. താമസയോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയ സ്ഥലത്ത് ടൗണ്‍ഷിപ്പുണ്ടാക്കിയാല്‍ തങ്ങള്‍ എങ്ങനെ സമാധാനത്തോടെ താമസിക്കുമെന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു. പലര്‍ക്കും വാടക താങ്ങാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്നലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടിക പ്രസിദ്ധീകരിക്കും മുന്‍പ് പഞ്ചായത്ത് മെമ്പറുമാരോട് അഭിപ്രായം ചോദിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Next Article