അദാനിക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ട് ഇന്‍ഡ്യ സഖ്യകക്ഷികള്‍, ഇന്ന് മുതൽ സഭയിൽ ബാലഹളമില്ല
വ്യവസായ പ്രമുഖൻ അദാനിക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ട് ഇന്‍ഡ്യ സഖ്യകക്ഷികള്‍. അദാനിക്കെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ഉയര്‍ത്തുന്നതില്‍ നിന്നും മുന്നണിയിലെ സഖ്യകക്ഷികള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി മാറി, അതോടെ അദാനിയുടെ അഴിമതി ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഒന്നാം ദിവസംതന്നെ ഇന്‍ഡ്യസഖ്യത്തിലെ മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അദാനി വിഷയം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, ഇതുന്നയിച്ച് സഭ സ്തംഭിപ്പിക്കുന്നതിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ റബര്‍ സ്റ്റാമ്പ് ആകാന്‍ തങ്ങളില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്‍ട്ടി അംഗീകരിക്കേണ്ടതില്ലെന്നാണ് മമത ബാനര്‍ജി മുന്നോട്ടുവെക്കുന്ന നിലപാട്. ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട് മാറ്റം.
ഡിഎംകെ നേതാക്കള്‍ അദാനി വിഷയത്തില്‍ അടിയന്തര നോട്ടീസ് നല്‍കാതെ ദിവസവും മണിപ്പുര്‍ കലാപത്തില്‍ മാത്രമാണ് നോട്ടീസ് നല്‍കിയത്. ഇതോടെ കോണ്‍ഗ്രസ് പ്രതിസന്ധിലാകുകയും അദാനി വിഷയത്തില്‍ നിന്നും പിന്‍വലിയുകയുമായിരുന്നു. ഇന്നു മുതല്‍ പാര്‍ലമെന്റ് നടത്തിപ്പുമായി സഹകരിക്കാമെന്ന് ഇന്നലെ ഉച്ചക്ക് ഒന്നിന് സ്പീക്കര്‍ ഓം ബിര്‍ല വിളിച്ചുചേര്‍ത്ത സഭാനേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.