സിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ
സിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ.സിറിയയിൽ ഇപ്പോൾ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.ഇസ്രയേൽ ബോംബിട്ട് തകർത്തത് തന്നെ സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ്. അതേസമയം സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയിൽ എത്തുകയും, അദ്ദേഹത്തിന് അഭയം നൽകുമെന്ന് റഷ്യ വ്യക്തമക്കുകയും ചെയ്യ്തു.
എന്നാൽ ബഷാർ അൽ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇത്രകാലവും അസദ് രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനിയും കുറ്റപ്പെടുത്തുകയും ചെയ്യ്തു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്.
അബു മുഹമ്മദ് അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.