ഗാസയിലെ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രയേൽ സേന; നൂറോളം പേരെ പിടിച്ചു, അവശേഷിക്കുന്നത് ഇനിയും ഒരു ഡോക്ടർ മാത്രം
ഗാസയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രയേൽ സേന. ആശുപത്രിയിലെ പരിശോധനയിൽ നൂറോളം പേരെ പിടിച്ചുകൊണ്ടുപോയെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.രോഗികൾക്കും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും ഇസ്രയേൽ സൈന്യം കൊണ്ടുപോയതോടെ ഒരു ഡോക്ടർ മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈന്യം ആശുപത്രിക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും വലിയൊരു ഭാഗം തീവെച്ച് നശിപ്പിക്കുകയും കവാടങ്ങൾ തകർക്കുകയും മതിൽ പൊളിക്കുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയം പറയുന്നു.
മരുന്നുകളോ ഭക്ഷണമോ ഇല്ലാതെ പ്രവർത്തിക്കാനാവാത്ത തരത്തിലേക്ക് ആശുപത്രിയെ മാറ്റി ഇസ്രയേൽ സൈന്യം എന്നും അധികൃതർ പറഞ്ഞു. അതേസമയം ആശുപത്രിയിൽ ഒളിച്ചിരിക്കുകയായിരുന്ന ഹമാസ് പ്രവർത്തകരെയാണ് തങ്ങൾ കസ്റ്റഡിയിലെടുത്തതെന്നു ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം അറിയിചിരുന്നു. ആയുധങ്ങളും, പണവും ഹമാസുമായി ബന്ധമുള്ള രേഖകളും ഇവിടെ നിന്ന് കണ്ടെത്തിയതായും ഒക്ടോബർ ഏഴാം തീയ്യതിയിലെ ആക്രമണത്തിൽ പങ്കെടുത്തവർ ഉൾപ്പെടെ ചില ഹമാസ് പ്രവർത്തകർ ഇവിടെ ആശുപത്രി ജീവനക്കാരെന്ന വ്യാജേന കഴിഞ്ഞുവരികയായിരുന്നു എന്നും ഇസ്രയേൽ സേന അറിയിച്ചു.ആശുപത്രിക്ക് കുറഞ്ഞ നാശനഷ്ടങ്ങൾ മാത്രമാണ് വരുത്തിയതെന്നും ഇസ്രയേൽ സേന വാദിക്കുന്നുണ്ട്.