കുട്ടികളെ സൗജന്യമായി പഠിപ്പിക്കുമെന്ന് കലാമണ്ഡലം; ഇതാണ് അന്തസ്സെന്ന് വി ശിവൻ കുട്ടി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നൽകി. പ്രതിഫലത്തിൽ തട്ടി നടി പിന്മാറിയ സ്ഥാനത്താണ് കലാമണ്ഡലം സൗജന്യമായി നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നത്. ഇനി വിവാദത്തിനില്ലെന്നും കലാമണ്ഡലത്തിന്‍റെ നടപടി അന്തസ്സാണെന്നും,ഇതാണ് അന്തസ്സന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി പണം ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞെങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ, വിവാദം മുറുകിയപ്പോൾ മന്ത്രി നടിക്കെതിരായ പ്രസ്താവന പിൻവലിച്ചിരുന്നു. തന്‍റെ പ്രസ്താവന പിൻവലിക്കുകയാണെന്നും വിവാദത്തിനില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ, അവതരണഗാനത്തിന്‍റെ നൃത്തം ആര് പഠിപ്പിക്കുമെന്നായിരുന്നു ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. അതിനാണ് കലാമണ്ഡലം ഉത്തരം നൽകിയത്. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു.