വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂ, നിലപാടിലുറച്ചു കേന്ദ്രസർക്കാർ
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂവെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍.വയബിലിറ്റി ഗ്യാപ് ഫണ്ട് ദീര്‍ഘകാല വായ്പയായി പരിഗണിക്കരുതെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളിയ കേന്ദ്ര ധനമന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. ഇപ്പോൾ കേന്ദ്രം സംസ്ഥാന സർക്കാരിന് വിജിഎഫ് തിരിച്ചടവ് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വാദം പൂര്‍ണ്ണമായും തള്ളുകയാണ് ചെയ്യ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികൾക്ക് നൽകുന്ന കേന്ദ്ര സഹായമാണ് വിജിഎഫ് ഫണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുവദിക്കേണ്ട വിജിഎഫ് 817.80 കോടി രൂപയാണ്. ഇത് അനുവദിക്കണമെങ്കിൽ ഭാവിയിൽ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണമെന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. തൂത്തുക്കുടി അടക്കം തുറമുഖങ്ങൾക്ക് ധനസഹായം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് മാത്രം കാണിക്കുന്ന വിവേചനത്തിൽ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
817 കോടി പലിശ സഹിതം തിരിച്ചടക്കുമ്പോൾ 12000 കോടിയോളം വരുമെന്നും വര്‍ഷങ്ങൾക്ക് ശേഷം മാത്രം വരുമാനം കിട്ടിത്തുടങ്ങുന്ന പദ്ധതിക്ക് ഇത് വലിയ ബാധ്യതയാകുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് വായ്പ അല്ലാതെ ധനസഹായം പരിഗണിക്കാനാകില്ലെന്ന് തീര്‍ത്ത് പറയുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ മറുപടി.