കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്ര പ്രവേശനം :ഹൈക്കോടതി ഹർജി
എറണാകുളം :കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര കോമ്പൗണ്ടുകളിലും ഇതര മതസ്ഥർക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഭക്തരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ക്ഷേത്രത്തിൽ വാണിജ്യ സിനിമകളുടെ ചിത്രീകരണം അനുവദിക്കുന്നത് 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.പൂജകൾ, ചടങ്ങുകൾ, ആചാരങ്ങൾ,ആഗമ സമ്പ്രദായങ്ങൾ എന്നിവയുടെ പവിത്രത പരിഗണിക്കാത്ത അവിശ്വാസികൾ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുണ്ട് . മദ്യപിച്ചും പാദരക്ഷകൾ ധരിച്ചും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കണം, ക്ഷേത്രത്തിനുള്ളിൽ വീഡിയോയും വാണിജ്യ സിനിമകളുടെ ചിത്രീകരണവും നിരോധിക്കണം”, ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
കേസ് പരിഗണിച്ച ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് സമയം അനുവദിച്ചു.തുടർന്ന് കേസ് നവംബർ 13ലേക്ക് മാറ്റി.