പരാചയത്തിന്റെ ഉത്തരവാദിത്വം കേൾക്കാൻ വിധിക്കപെട്ടയാണ് ഞാൻ, സ്ഥാനം ഒഴിയണോ വേണ്ടയോ എന്നത് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ; കെ സുരേന്ദ്രൻ
ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ലെന്ന് തുറന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സുരേന്ദ്രൻ പറയുന്നു. കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകൾ സമാഹരിക്കാൻ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്.
മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയ ആളാണ് പാലക്കാട് സ്ഥാനാർത്ഥിയായത്. മൂന്ന് പേരുകൾ ചർച്ചയിൽ വന്നിരുന്നു. ഇതിൽ രണ്ട് പേർ മൽസരിക്കാൻ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത്. കോൺഗ്രസുമായി ചേർന്ന് പോകണം എന്നാണ് ചില നിരീക്ഷകരും ഓൺലൈൻ മാധ്യമങ്ങളും ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാത്തതിൻ്റെ ചൊരുക്കാണ് ചിലർക്കുളളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് ഞാൻ. പരാജയമുണ്ടായാൽ എപ്പോഴും പഴി പ്രസിഡന്റിന് വരും. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെയാണ്. സ്ഥാന മാറ്റം വ്യക്തിപരമല്ല. പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് അതനുസരിക്കും. എന്റെ പ്രവർത്തനത്തിൽ വീഴ്ചകൾ ഉണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണം. ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.