തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം, മൂന്നു പഞ്ചായത്തുകളിൽ യു ഡി എഫ് വിജയിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നേട്ടമുണ്ടാക്കി യുഡിഎഫ്. മൂന്ന് പഞ്ചായത്തുകളിലാണ് ഇതോടെ യുഡിഎഫ് എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചത്. തൃശ്ശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അലി തേക്കത്ത് 28 വോട്ടുകൾക്കാണ് വിജയിച്ചത്.
ചാണ്ടി തുണ്ടുമണ്ണിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫ്- 8 എൽഡിഎഫ്-7 എന്നിങ്ങനെയായിരുന്നു നേരത്തെ ഇവിടുത്തെ കക്ഷിനില.ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്ന പന്നൂർ വാർഡിൽ യുഡിഎഫിലെ എ എൻ ദിലീപാണ് വിജയിച്ചത്. 177 വോട്ടുകൾക്കായിരുന്നു ദിലീപിൻ്റെ വിജയം.തൃശ്ശൂർ ജില്ലിയിലെ നാട്ടിക ഗ്രാമപഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുഡിഎഫ് അട്ടിമറി വിജയം നേടി. വനിതാ സ്ഥാനാർത്ഥിയായിരുന്ന പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒൻപതാം വാർഡ് പിടിച്ചെടുത്തതോടെയാണ് നാട്ടിക പഞ്ചായത്തിലെ ഭരണം യുഡിഎഫിന് ലഭിച്ചത്.