അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സമൂഹമാധ്യമമായ എക്സിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സമൂഹമാധ്യമമായ എക്സിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം 1.15 ലക്ഷം അമേരിക്കൻ യൂസർമാരാണ് ട്വിറ്റർ(ഇപ്പോഴത്തെ എക്സ്) വിട്ട് പുറത്തുപോയിരിക്കുന്നത്. ബ്ലൂസ്കൈ പോലുള്ള ഇതര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് ആണ് ഈ ആളുകൾ ചേക്കേറുന്നത് എന്നാണ് വിവരം.
വെബ്സൈറ്റ് വഴി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത ആൾക്കാരുടെ എണ്ണം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. മൊബൈൽ ആപ്പ് യൂസേഴ്സ് എത്രപേർ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു എന്ന വിവരം പുറത്തുവന്നിട്ടില്ല. ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ സിമിലർ വെബിലെ റിപ്പോർട്ട് ഉദ്ധരിച്ച് സിഎൻഎന്നാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇലോൺ മസ്കിന്റെ നിർണായക ഇടപെടലുകളാണ് ഇപ്പോഴത്തെ കൊഴിഞ്ഞുപോക്കിന് കാരണമായി പറയപ്പെടുന്നത്. ഒരൊറ്റ ആഴ്ച കൊണ്ട് 10 ലക്ഷം പുതിയ യൂസർമാർ എത്തിയ ബ്ലൂസ്കൈയിൽ ആകെ യൂസർമാരുടെ എണ്ണം 90 ദിവസത്തിനിടെ ഇരട്ടിയായി വർദ്ധിച്ചു.