തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിം കോടതി
തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീം കോടതി. ആന്റണി രാജുവിനെതിരെയുള്ള ആരോപണം മയക്ക് മരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചു എന്നുള്ളതാണ്.ഈ സംഭവം 1990ൽ അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കെടുത്തു. ആന്റണി രാജു തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു.
10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു. കേസില്‍ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്.തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു.അവിടെ അയാൾ ഒരു കൊലക്കേസിൽ പെട്ട് , അവിടെയുള്ള ഒരു സഹതടവുകാരനോട് അഭിഭാഷകന്റെയും കോടതിയിലെ ക്ലാർക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം പറയുകയുണ്ടായി. സഹതടവുകാരൻ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനോട് വിവരിക്കുന്നു. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍.