മണിയാർ കരാർ നീട്ടുന്നതിൽ സർക്കാർ തലത്തിലെ ഭിന്നത പുറത്ത്,കരാർ നീട്ടുന്നതിനോട് വൈദ്യുതിവകുപ്പിന് താത്പര്യമില്ലെന്ന്, മന്ത്രി കെ കൃഷ്ണൻ കുട്ടി
മണിയാർ കരാർ നീട്ടുന്നതിൽ സർക്കാർ തലത്തിലെ ഭിന്നത പുറത്ത്,കരാർ നീട്ടുന്നതിനോട് വൈദ്യുതിവകുപ്പിന് താത്പര്യമില്ലെന്ന്, മന്ത്രി കെ കൃഷ്ണൻ കുട്ടി. മണിയാർ കരാർ നീട്ടണമെന്ന നിലപാടിൽ വ്യവസായവകുപ്പ് ഉറച്ചുനിൽക്കുമ്പോഴാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി എതിർപ്പ് പരസ്യമാക്കുന്നത്. പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്ന കരാർ നീട്ടലിൽ ഇനി സർക്കാറിന്‍റെ അന്തിമ തീരുമാനം നിർണ്ണായകമാണ്. കരാർ കാലാവധി തീർന്ന മണിയാർ പദ്ധതിയുടെ നിയന്ത്രണാവകാശം കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിക്ക് നൽകാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇങ്ങനൊരു ധാരണയുണ്ടായത്.
പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന കെഎസ്ഇബി നിലപാട് തള്ളിയാണ് നീട്ടാനുള്ള നീക്കം. വ്യവസായശാലകൾ കൊണ്ടുവരാൻ കരാർ നീട്ടണമെന്ന് ശക്തമായി വാദിക്കുകയാണ് ഇപ്പോൾ വ്യവസായമന്ത്രി.എന്നാൽ ഈ കാര്യത്തിൽ പ്രതിപക്ഷം അഴിമതി ആരോപണം ഉയർത്തിയപ്പോൾ മൗനത്തിലായിരുന്നു വൈദ്യുതി മന്ത്രി. വിവാദം ചൂട് പിടിക്കുന്നതിനിടെയാണ് വകുപ്പിന്‍റെയും എതിർപ്പ് മന്ത്രി പരസ്യമാക്കുന്നത്.ഭിന്നത നിലപാട് വൈദ്യുതി മന്ത്രി പരസ്യമാക്കുമ്പോഴും മുഖ്യമന്ത്രിക്ക് കരാർ നീട്ടുന്നതിനോടെ യോജിപ്പാണെന്നാണ് വിവരം. മണിയാർ മോഡൽ അംഗീകരിച്ചാൽ സമാന നിലയിലുള്ള മറ്റ് പദ്ധതികളിലെ കരാറുകളും നീട്ടണമെന്ന ആവശ്യവും സർക്കാറിന് പരിഗണിക്കേണ്ടിവരും. എൻടിപിസിയുടേയും മറ്റ് സ്വകാര്യ കമ്പനികളുടേയും ഇതിനകം സർക്കാറിനെ സമീപിച്ച് കഴിഞ്ഞു.മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.