സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെയും പഠന യാത്രയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെയും പഠന യാത്രയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി .പണമില്ലെന്നതിന്റെ പേരിൽ കുട്ടികൾക്ക് പഠന യാത്രയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു .വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .
സ്കൂൾ പഠനയാത്രകൾ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി .
സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും യാത്രാചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.
സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.