ചോദ്യപേപ്പർ ചോർച്ച;എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തി
ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. എം എസ് സോലൂഷൻസിന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥിയോട് പറഞ്ഞ അധ്യാപകനെ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.അധ്യാപകനെ ഭീഷണിപ്പെടുത്തിയതിന്റെ മുഹമ്മദ് ഷുഹൈബന്റെ ഓഡിയോ പുറത്തുവന്നു.ഈ സംഭവത്തിൽ അധ്യാപകൻ കൊടുവള്ളി പൊലീസിൽ പരാതി നൽകി.എന്നാൽ കഴിഞ്ഞ ഓണ പരീക്ഷയുടെ സമയത്താണ് ഷുഹൈബ് ഫോണിൽ ഭീഷണിപ്പെടുത്തിയതെന്ന് പരാതിക്കാരനായ അധ്യാപകൻ അബ്ദുൽ ഹക്കീം പറഞ്ഞു.
ഓൺലൈൻ സ്ഥാപനങ്ങൾ പ്രവചിക്കുന്ന ചോദ്യങ്ങൾ മാത്രം നോക്കി പഠിക്കരുതെന്ന് താൻ കുട്ടികളോട് പറഞ്ഞിരുന്നു. അതുപോലെ ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ചോദ്യങ്ങൾ ചോർത്തി കൊടുക്കുന്നു എന്നൊരു സംശയവുമുണ്ടായിരുന്നു. എസ്എസ്എൽസി ഫൈനൽ പരീക്ഷയിൽ അവർ പറയുന്ന ചോദ്യങ്ങൾ വന്നിരുന്നില്ല. കുട്ടികളോട് അങ്ങനൊരു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഷുഹൈബ് തന്നെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില് കൊടുവള്ളി പൊലീസിൽ താൻ അന്ന് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് താൻ ഇനിയും ഇതൊന്നും ആവർത്തിക്കില്ലെന്ന് പറഞ്ഞതിനാൽ ഷുഹൈബിനെ താക്കീത് നൽകി വിടുകയാണ് ചെയ്തത്. ചോദ്യപേപ്പർ പ്രവചിക്കുന്നതടക്കം നിർത്തുമെന്ന് അന്ന് ഷുഹൈബ് പറഞ്ഞതായും ഹകീം പറയുന്നു.