എഴുത്തിന്റെ സുകൃതമായി നിറഞ്ഞ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു
എഴുത്തിന്റെ സുകൃതമായി നിറഞ്ഞ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു.കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിൽ നിറഞ്ഞുനിന്ന അതുല്യ വ്യക്തിത്വമാണ് ഇപ്പോൾ മലയാള ഭാഷയോട് വിടപറഞ്ഞിരിക്കുന്നത്.കൈവെച്ച മേഖലകളിലെല്ലാം തന്നെ ഉയരങ്ങളിൽ എത്തിയ പ്രതിഭാശാലി ആയിരുന്നു അദ്ദേഹം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും, സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ എത്തിയിട്ടുണ്ട്.
എം.ടി വാസുദേവൻ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു. ഇന്ന് വൈകിട്ട് വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. ഏഴ് പതിറ്റാണ്ടിലേറെ തന്റെ എഴുത്തിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.