സാമ്പത്തിക ക്രമക്കേടിൽ പി ആർ വസന്തനെതിരെ തത്കാലം നടപടിയില്ലെന്ന് എം വി ഗോവിന്ദൻ; എന്നാൽ പാർട്ടിക്ക് ലഭിച്ച പരാതി ചോർന്നതിൽ അന്വേഷണം നടത്തും
സാമ്പത്തിക ക്രമക്കേടിൽ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തനെതിരായ നടപടി തല്‍ക്കാലം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയ്ക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാർട്ടിക്ക് ലഭിച്ച പരാതി ചോർന്നതിൽ അന്വേഷണം നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടത് വസ്തുതയില്ലാത്ത പരാതിയാണെന്നാണ് സി പിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തന്റെ പ്രതികരണം. കൂടാതെ എല്ലാ കാര്യങ്ങളും പാർട്ടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് പി ആർ വസന്തന് എതിരായ പരാതി മാധ്യമങ്ങൾക്ക് ലഭിക്കുന്നത്.
പാർട്ടി അധീനതയിലുള്ള കൊല്ലം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. സ്ക്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒമ്പത് ലക്ഷം രൂപ വസന്തന്റെ അക്കൗണ്ടിലേക്കും, 44 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്കും, പിന്നെ തന്നെ അറിയാവുന്ന പാർട്ടിക്കാരുടെ പേരിലും രൂപ കൈമാറിയിട്ടുണ്ടെന്നാണ് പരാതിയിലെ പരാമർശം.