അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് നവീൻ ബാബുവിന്‍റെ കുടുംബം
അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്നാണ് എ ഡി എം നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകൻ ജോൺ കെ റാൾഫ് വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും ജോൺ കെ റാൾഫ് മാധ്യമങ്ങളോട് പറഞ്ഞു.
എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി പി ദിവ്യ ഉയർത്തിയ അഴിമതി ആരോപണത്തിൽ കോടതിയിൽ എല്ലാ തെളിവുകളും ഹാജരാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ വിശ്വൻ. ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതിയിൽ നടത്തിയ വാദത്തിന് ശേഷം പുറത്തിറങ്ങിയ വിശ്വൻ, മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. പി പി ദിവ്യ ഉയർത്തിയ കൈക്കൂലി ആരോപണം കേവലം ആരോപണം മാത്രമല്ലെന്നും അതിനെ ഉറപ്പിക്കുന്ന തെളിവുകൾ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട കോൾ ഡീറ്റെയിൽസ്, ബാങ്ക് ഡീറ്റെയിൽസ്, സി സി ടിവി ദൃശ്യങ്ങൾ എന്നിവ ഹാജരാക്കിയിട്ടുണ്ടെന്നും വിശ്വൻ വിശദീകരിച്ചു. അതുപോലെ തന്നെ കൈക്കൂലി ആരോപണം സാധൂകരിക്കുന്ന മൊഴികൾ തുടങ്ങിയവയും കോടതിയുടെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ വാദത്തിൽ ഞങ്ങൾ നേരത്തെ ഉയർത്തിയ വാദങ്ങൾ ഉറപ്പിക്കുന്നതിനുള്ള രേഖാപരമായ തെളിവുകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്നും വിശ്വൻ വ്യക്തമാക്കി.