കൊടകര കുഴൽപ്പണക്കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള അന്വേഷണസംഘത്തിന്റെ നോട്ടീസ് തിരൂർ സതീഷിന് ലഭിച്ചു.മൊഴി മാറ്റാതിരിക്കാനാണ് 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലായിരുന്നു ഉപതിരഞ്ഞെടുപ്പ് വേളയിൽ തിരൂർ സതീഷ് മാധ്യമങ്ങളിലൂടെ നടത്തിയത്. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ധർമ്മരാജൻ നാല് ചാക്കുകളിലായി ആറുകോടി കുഴൽപ്പണം എത്തിച്ചെന്നും ധർമ്മരാജൻ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.
വെളിപ്പെടുത്തൽ പുറത്തുവന്നതോടുകൂടി വിഷയം ഗൗരവകരമാണെന്നും കൂടുതൽ ആളുകൾ ഇതിന് പിന്നിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം വീണ്ടും നടത്താൻ തീരുമാനിച്ചത്. കുറ്റപത്രം സമർപ്പിച്ച കേസായതിനാൽ തുടരന്വേഷണത്തിനു കോടതിയിൽ നിന്നും അനുമതി തേടിയിരുന്നു. എട്ടംഗ സംഘത്തെയാണ് അതിനായി നിയോഗിച്ചിട്ടുള്ളത്.തൃശൂർ ഡിഐജി തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് .കൊച്ചി ഡിസിപി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘത്തലവൻ. മുൻപ് കേസ് അന്വേഷിച്ച ഇരിങ്ങാലക്കുട ഡിവൈഎസ്പി വി.കെ രാജുവും പുതിയ അന്വേഷണ സംഘത്തിലുണ്ട്. കൊടകര എസ്‍എച്ച്ഒ, വലപ്പാട് എസ്‍.ഐ ഉൾപ്പെടെ എട്ട് പേരാണ് സംഘത്തിലുള്ളത്.