കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
പ്രചരണ വിഭാഗം പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് 27-കാരിയായ കരോലിൻ. 1969-ൽ റിച്ചാർഡ് നിക്സണ് ന്റെ ചുമതലയിൽ 29-കാരനായ റൊണാൾഡ് സീഗ്ലറായിരുന്നു നേരത്തെ ഈ സ്ഥാനത്തിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
കരോലിന് നല്ല രീതിയിൽ ആശയവിനിമയം നടത്താനാകുമെന്ന് അവർ തെളിയിച്ചതാണെന്ന് ട്രംപ് പ്രസ്താവനയിറക്കി.തങ്ങളുടെ സന്ദേശങ്ങൾ അമേരിക്കൻ ജനതയ്ക്ക് കൈമാറാൻ അവർക്കാകും എന്നും ഡൊണാൾഡ് ട്രമ്പ് കൂട്ടിച്ചേർത്തു.തന്റെ ചരിത്രപരമായ പ്രചാരണത്തിൽ കരോലിൻ അസാധാരണമായി പ്രവർത്തിച്ചിരുന്നു എന്നും ട്രംപ് പ്രസ്താവനയിൽ പറയുന്നുണ്ട്.യു.എസ് കോൺഗ്രസിലെ ന്യൂയോർക്കിൽ നിന്നുള്ള പ്രതിനിധി ഏലിസ് സ്റ്റെഫാനിക്കിനുവേണ്ടിയും കരോലിൻ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ, ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡറായി ട്രംപ് നാമനിർദേശം ചെയ്ത വ്യക്തിയാണ് എലിസ് സ്റ്റെഫാനിക്ക്.തനിക്ക് വേണ്ടി കരോലിൻ ഫലപ്രദമായി പ്രവർത്തിച്ചിരുന്നുവെന്ന് എലിസും വ്യക്തമാക്കുന്നു.