എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ
എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മഞ്ചേശ്വരം ലോ കോളേജിലെ താൽക്കാലിക അധ്യാപകനായ ഷെറിൻ സി എബ്രഹാമിനെതിരെയാണ് എസ്എഫ്ഐയുടെ പരാതിയിൽ കണ്ണൂർ സർവകലാശാല ശക്തമായ നടപടിയെടുത്തത്.
മൂന്ന് വർഷ എൽ എൽ ബി മൂന്നാം സെമസ്റ്റർ പരീക്ഷയിൽ ആണ് എ ഡി എം നവീൻ ബാബുവിന്റെ മരണത്തെ സംബന്ധിച്ച ചോദ്യങ്ങൾ സ്ഥിരീകരിച്ചത് .ചോദ്യങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കാലിക പ്രസക്തിയുള്ള വിഷയമായതിനാലാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതെന്ന് അധ്യാപകനായ ഷെറിൻ സി എബ്രഹാം പറഞ്ഞു. 28ന് നടന്ന ‘ഓപ്‌ഷണൽ 3 ഹ്യൂമൻ റൈറ്സ് ലോ ആൻഡ് പ്രാക്ടീസ്’ എന്ന വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്. പരീക്ഷയ്ക്കിടെ ഒരു വിദ്യാർത്ഥി എണീറ്റ് നിന്ന് ചോദ്യപേപ്പറിലേത് പൊളിറ്റിക്കലി ഇൻകറക്റ്റഡ് ആയിട്ടുള്ള ചോദ്യങ്ങളാണെന്ന് പറയുകയാണ് ഉണ്ടായതെന്ന് അധ്യാപകനായ ഷെറിൻ സി എബ്രഹാം വ്യക്തമാക്കുന്നു. പിപി ദിവ്യയെ തനിക്ക് നേരിട്ടറിയാമെന്നും അതുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരമെഴുതാൻ താൻ തയ്യാറല്ലെന്നും വിദ്യാർത്ഥി അറിയിച്ചു.