സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു, എന്നാൽ മുന്നോട്ടുള്ള യാത്രയിൽ നിന്ന് പിൻമാറാതെ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും
സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു.രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല, എന്നാൽ യാത്രയിൽ നിന്ന് പിൻമാറാതെ യുപി-ഡൽഹി അതിർത്തിയിൽ കാറിൽ തുടരുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.സ്ഥലത്ത് നിരവധി കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയതോടെ സംഘർഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ഡൽഹിയിലേക്ക് തിരികെ മടങ്ങണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.
രാവിലെ ഒമ്പതരയോടെയാണ് ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിന്‍റെ നിയന്ത്രണത്തെ തുടര്‍ന്ന് ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുള്ളത്. യുപി പൊലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ്.സംഭലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.