നടൻ ഒടുവിൽ ഉണ്ണി കൃഷ്ണനെ സംവിധായകൻ മർദിച്ചു എന്ന ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ചു; സംവിധായകൻ എം പദ്മകുമാർ
അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മർദിച്ചു എന്ന ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറൽ ആയ കാര്യമാണ്. ഇപ്പോൾ ആലപ്പി അഷ്റഫിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം പദ്മകുമാർ. ഇപ്പോൾ സബ്സ്ക്രൈബേഴ്സിനെ കൂട്ടാനുള്ള തറവേലയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കിട്ട കുറിപ്പിലൂടെ എം പദ്മകുമാർ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ .. ഒരു മലയാള ചലച്ചിത്ര സംവിധായകൻ എന്നറിയപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു പാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്.
Dr. ബാലകൃഷ്ണനും, ഹരിഹരൻ സാറും ,ഐ വി ശശിയും ,ഷാജി യേട്ടനും ഉൾപ്പെടെ. രഞ്ജി എന്നു ഞങ്ങൾ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എൻറെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് അദ്ദേഹം.രഞ്ജിത്ത് എന്ന സംവിധായകനുമേൽ, ഉന്നയിക്കപ്പെട്ട കുറ്റച്ചാർത്തുകൾ കോടതികളുടെ പരിഗണനയിലാണ്. എന്നാൽ ഏറ്റവും ഒടുവിൽ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തിൽ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാൻ ബഹുമാനിക്കുന്ന സംവിധായകൻ ശ്രീ ആലപ്പി അഷറഫിൽ നിന്നാണ്.
‘ആറാം തമ്പുരാൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മർദ്ദിക്കുന്നു, രോഗിയായ ഒടുവിൽ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂണിറ്റ് മൊത്തം അത് കണ്ട് നിഷ്ക്രിയരായി നിൽക്കുന്നു,ഇദ്ദേഹം ഉൾപ്പെടെ, ഇതാണ് ആലപ്പി അഷറഫിൻ്റെ സാക്ഷിമൊഴി. 1996 ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ ശ്രീ അഷറഫിന് സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു , എന്നാൽ ഷൂട്ടിംഗില്ലാത്ത ഇടവേളകളിൽ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കലും ഒടുവിലിൻ്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് ഇത്. തെറ്റുകൾ പറ്റാം,കുറവുകൾ കണ്ടെത്താം… വിമർശിക്കാം… പക്ഷെ അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്.എന്നാണ് പദ്മകുമാർ കുറിച്ചിരിക്കുന്നത്.