ഇസ്രയേലി സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഇറാന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
ഇസ്രയേലി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ഇറാന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ആണവ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ഇറാന്റെ ഓഫന്‍സീവ് സൈബര്‍ ഓപ്പറേഷനുമായി ബന്ധമുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് വിവരം. സോറെഖ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുന്ന ഒരു പ്രമുഖ ഇസ്രയേലി ആണവ ശാസ്ത്രജ്ഞന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ ഹാക്കിംഗ് ഗ്രൂപ്പ് ടെലിഗ്രാമിലൂടെ പുറത്തുവിട്ടു.
ഇസ്രയേലിന്റെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കിള്‍ ആക്‌സിലറേറ്റര്‍ പ്രൊജക്ടില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരുടെ വിവരങ്ങളും ഇറാനിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും ഈ വിവരങ്ങള്‍ പുറത്തുവിട്ടുമെന്നുമാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറലിന്റെയും യുഎസിലെ ഇസ്രായേല്‍ അംബാസഡറുടെയും സ്വകാര്യ ഫോട്ടോഗ്രാഫുകളും രേഖകളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബപരമായ വിവരങ്ങളും ഡാറ്റകളുമാണ് ചോർത്തിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.