റഷ്യ-യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോൾ നിർണായകമായ ഒരു തീരുമാനം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ
റഷ്യ-യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോൾ നിർണായകമായ ഒരു തീരുമാനം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇനിയും വേണ്ടിവന്നാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് ചൂണ്ടിക്കാട്ടി, റഷ്യയുടെ ആണവായുധ നയം തിരുത്തുകയാണ് പുടിൻ ചെയ്തത്. റഷ്യയുടെ മുന്നിലത്ത് നയമെന്ന് പറയുന്നത് ആണവ ആക്രമണം ഉണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്നതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യുഎസ് നിർമിത ബാലിസ്റ്റിക്ക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരെ പ്രയോഗിച്ചതോടെ, നയം തിരുത്താൻ പുടിൻ നിർബന്ധിതനാകുകയായിരുന്നു.
കഴിഞ്ഞ ദിവസം ബ്രയൻസ്ക് പ്രവിശ്യയിലെ സൈനികകേന്ദ്രത്തിന് നേരെയായിരുന്നു യുക്രെയിനിന്റെ ആക്രമണം ഉണ്ടായത്. ആറിൽ അഞ്ച് മിസൈലുകളും റഷ്യ തകർത്തെങ്കിലും ഒരു മിസൈൽ സൈനികകേന്ദ്രത്തിൽ തന്നെ പതിച്ചു. യുക്രെയിനിന്റെ പക്കൽ യുഎസ്, ബ്രിട്ടൻ, ഫ്രഞ്ച് മിസൈലുകൾ അനവധിയുണ്ട്. വരും ദിവസങ്ങളിൽ റഷ്യക്കെതിരെ ഇവ പ്രയോഗിക്കാനാണ് യുക്രെയ്ൻ പദ്ധതി. ഇതോടെയാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുണ്ടാകുന്ന ഏതാക്രമണത്തിനും പകരമായി, ആണവായുധം പ്രയോഗിക്കാമെന്ന തീരുമാനത്തിലേക്ക് റഷ്യ എത്തിയത്.