പാലക്കാട് പ്രചാരണത്തിന് പോകില്ല; അതൃപ്‌തി രേഖപ്പെടുത്തി സന്ദീപ് ജി വാര്യർ
ബിജെപി നേതൃത്വത്തിനെതിരെ തന്റെ അതൃപ്‌തി പരസ്യമാക്കി സന്ദീപ് ജി വാര്യര്‍.താൻ പാലക്കാട് പ്രചരണത്തിന് പോകില്ല. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ തന്റെ മനസ് അനുവദിക്കുന്നില്ല. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റു. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. അല്ലാതെ നിരവധി സംഭവങ്ങളുണ്ട്. തന്‍റെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ വന്നിരുന്നില്ല .
യുവമോർച്ച കാലം മുതൽ താനുമായി ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു. എന്നാൽ അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലാ സന്ദീപ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപിക്കെതിരെ സന്ദീപ് വാര്യര്‍ അതൃപ്തി പരസ്യമാക്കിയത്. കഴിഞ്ഞ കുറേ ദിവസമായി താൻ മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല ,കാരണം അതവരുടെ ധർമ്മം. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നിൽ ഞാൻ നമസ്കരിക്കുകയാണ്.
പുറത്തു വന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധമാണ് . കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല ഞാൻ , എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല.സന്ദീപ് വാര്യർ കുറിക്കുന്നു.