രണ്ടു പതിറ്റാണ്ടു കാലം യുവ ജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായ സ്മാർട്ട് സിറ്റി ബി ജെ പിയുടെയും, സി പി എമ്മിന്റെയും വികസന വിരുദ്ധ സമീപനം മൂലം ഇല്ലാതായി; കെ സുധാകരൻ
ബി ജെ പിയുടെയും, സി പി എമ്മിന്റെയും വികസന വിരുദ്ധ സമീപനം മൂലം കേരളത്തിൽ വമ്പൻ ഐ ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാർട്ട് സിറ്റി ഇല്ലാതാക്കി തീർത്തു ആരോപണവുമായി കെ സുധാകരൻ എം പി. രണ്ടു പതിറ്റാണ്ടു കാലം യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായിരുന്നു സ്മാർട്ട് സിറ്റി. ഐടിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നത് ഇടതു പക്ഷത്തിന്റെ പ്രതിലോമ നയങ്ങള്‍മൂലമാണ്. 2005 ൽ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളത്ത് കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ച് ആരംഭിക്കാന്‍ ഉദ്ദേശിച്ച ഐടി അധിഷ്ഠിത വ്യവസായ പാര്‍ക്കാണിത്.
ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്‍ക്കാരുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണിത് വിഭാവനം ചെയ്തത്. അന്നുതന്നെ ഇതിനെതിരെ സിപിഎം രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടെന്നും സിപിഎം ആരോപിച്ചു. പദ്ധതിക്കെതിരെ അവര്‍ പ്രക്ഷോഭം നടത്തി. കൊച്ചി ഷിപ് യാര്‍ഡും വിമാനത്താവളവുമുള്ളിടത്ത് ദുബായ് കമ്പനി വന്നാല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ടീകോം കമ്പനിയുടെ മേധാവികള്‍ കൊച്ചിയില്‍ വന്നപ്പോള്‍ ബിജെപി വന്‍ പ്രതിഷേധം സംഘടിപ്പിച്ചു.2007 നവംബര്‍ 16നു തറക്കല്ലിട്ടെങ്കിലും പദ്ധതി കാര്യമായി മുന്നോട്ടുപോയില്ല.സ്മാര്‍ട്ട് സിറ്റി കൊച്ചി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 16 ശതമാനം ഓഹരിയുണ്ടായിട്ട് പോലും സര്‍ക്കാര്‍ വര്‍ഷങ്ങളായി പദ്ധയില്‍ ഒരു ഇടപെടല്‍ നടത്തിയിട്ടില്ല. ദുരൂഹമായ സാഹചര്യത്തിലാണ് ഈ കരാര്‍ റദ്ദാക്കിയതെന്നും കെ. സുധാകരന്‍ ആരോപിച്ചു.