തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം. സാക്കിര്‍ ഹുസൈൻ ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടെ കുടുംബാംഗങ്ങള്‍ എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സാക്കിർ ഹുസൈൻ അന്തരിച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉൾപ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ ഈ വാർത്ത കുടുംബം നിഷേധിച്ചിരുന്നു.
മരണ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിയ സാക്കിർ ഹുസൈന്‍റെ കുടുംബം, അദ്ദേഹം ജീവനോടെയുണ്ടെന്നും, അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും ഇന്നലെ രാത്രി വൈകി അഭ്യർഥിച്ചു. തുടർന്ന് വാർത്ത വിതരണ മന്ത്രാലയവും കേന്ദ്ര മന്ത്രിമാർ അടക്കമുള്ള നേതാക്കളും മാധ്യമങ്ങളും വാർത്ത പിൻവലിച്ചു. പിന്നീട് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.തബലയെ ലോകപ്രശസ്തയിലേക്ക് ഉയർത്തിയവരിൽ ഒരാളാണ് ഉസ്താദ് സാക്കിർ ഹുസൈൻ. സംഗീത ലോകത്തിലേക്ക് കൈപിടിച്ചത് പിതാവ് ഉസ്താദ് അല്ലാ രഖാ ആയിരുന്നു. കേരളത്തോടും ഇവിടുത്തെ താളവാദ്യങ്ങളോടും എന്നും ആത്മബന്ധം പുലർത്തിയിരുന്നു, തബല മാന്ത്രികൻ ആയ ഉസ്താദ് സാക്കിർ ഹുസൈനെ ആദരാഞ്ജലികൾ