സാദിഖലി തങ്ങളുടെ രാഷ്ട്രീയ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്; എന്നാൽ മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജണ്ട ചിലയാളുകള്‍ കൈകാര്യം ചെയ്യുന്നു; എം വി ഗോവിന്ദൻ
സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ലീഗ് നേതൃത്വം മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കുയുള്ള വിശദീകരണമാണ് നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. അദ്ദേഹത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ മനസിലാക്കാം. എന്നാൽ അതിന് അപ്പുറം കടന്ന് ലീഗില്‍ തന്നെ വലിയ പ്രസക്തി ഒന്നും ലഭിക്കാത്ത ആളുകള്‍ സാദിഖലിയെ കുറിച്ച് പറഞ്ഞാല്‍ വിവരമറിയും എന്നുള്‍പ്പടെ പ്രതികരിക്കുന്നു. എന്തും പറയാന്‍ യാതൊരു ഉളുപ്പുമില്ലാത്ത പ്രചാരണ കോലാഹലമാണ് ചിലര്‍ നടത്തുന്നതെന്നും എം വി ഗോവിന്ദൻ.
മുഖ്യമന്ത്രി കൃത്യമായ രാഷ്ട്രീയ വിമര്‍ശനമാണ് ഉന്നയിച്ചത് , എന്നാൽ അതിന് മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജണ്ട ചിലയാളുകള്‍ കൈകാര്യം ചെയ്യുന്നു. ലീഗ് ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കല്‍ പാളയത്തിലാണ് ലീഗ് ഉള്ളതെന്ന് വെറുതെ പറയുന്നതല്ല. മത വികാരത്തെ ആളിക്കത്തിക്കാനുള്ള ലിഗ് ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും എം വി ഗോവിന്ദൻ പറയുന്നു.