മുഖ്യമന്ത്രിയുടെ പ്രസംഗം ആവേശമുണ്ടാക്കിയില്ല; മുഖ്യമന്ത്രിക്കും, സിപിഐഎമ്മിനുമെതിരെ വിമർശനവുമായി സിപിഐ
മുഖ്യമന്ത്രിപിണറായി വിജയനും, സിപിഐഎമ്മിനുമെതിരെ വിമര്‍ശനവുമായി സിപിഐ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ആവേശമുണ്ടാക്കിയില്ല, അതുപോലെ ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിയെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പരമാര്ശിച്ചു. പാലക്കാട് സിപിഐയുടെ റിപ്പോര്‍ട്ട് ജില്ലാ എക്‌സിക്യൂട്ടീവും, ജില്ലാ കൗണ്‍സിലും അംഗീകരിച്ചു.മുഖ്യമന്ത്രിയുടെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ ഗുണം ചെയ്തില്ലെന്ന് മാത്രമല്ല മുസ്ലിം വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കാന്‍ ഇത് കാരണമായി എന്നുമാണ് സിപിഐ വാദം.
അതേസമയം ട്രോളി ബാഗ് വിവാദവും പത്ര പരസ്യവും വിനയാകുകയും അനാവശ്യ വിവാദങ്ങള്‍ യുഡിഎഫില്‍ ഐക്യമുണ്ടാക്കിയെന്നും, ഇ പി ജയരാജന്റെ ആത്മകഥ സ്ഥാനാര്‍ത്ഥി സരിനെ മോശമായി ചിത്രീകരിച്ചെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും സിപിഐ വിമര്‍ശിക്കുന്നു. നെല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാറിനോടുള്ള വിരോധം കര്‍ഷക വോട്ടുകള്‍ ലഭിക്കാത്തതിന് കാരണമായി എന്നും സിപിഐ റിപ്പോര്‍ട്ടിലുണ്ട്.