തന്റെ മകൻ കൊല്ലപ്പെട്ടാൽ നിയമം കയ്യിലെടുക്കും; ഇസ്രയേൽ ഭരണകൂടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു ബന്ധിയായ യുവാവിന്റെ മാതാവ്
തന്റെ മകൻ ഗാസയിൽ കൊല്ലപ്പെട്ടാൽ നിയമം കൈയിലെടുക്കുമെന്ന് ഇസ്രായേൽ ഭരണകൂടത്തിനെതിരെ പാർലമെന്റിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു ബന്ദിയായ യുവാവിന്റെ മാതാവ്. ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ സൈനികരടക്കമുള്ളവരെ 437 ദിവസമായിട്ടും തിരിച്ച് കൊണ്ടുവരാൻ കഴിയാത്തതിനെതിരെ ഇസ്രായേൽ പാർലമെന്റായ നെസറ്റിൽ ആണ് ഇങ്ങനൊരു സംഭവം. ബന്ദിയായ മതൻ സൻഗൗക്കറുടെ അമ്മ ഐനവ് സൻഗൗക്കറാണ് ഇസ്രായേൽ ഭരണകൂടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. തന്റെ മകൻ ഗസ്സയിൽ കൊല്ലപ്പെട്ടാൽ നിയമം കൈയിലെടുക്കുമെന്ന് മന്ത്രി സെവ് എൽകിന് ഇവർ മുന്നറിയിപ്പ് നൽകി.
ഇതിന് പിന്നാലെ ഇവരെ സെക്യൂരിറ്റി ഗാർഡ് നെസെറ്റിൽ നിന്ന് പിടിച്ച് പുറത്താക്കി. നെഗേവ്, ഗലീലി വികസന കമ്മിറ്റി ചർച്ചക്കിടെയായിരുന്നു സംഭവം. ഇസ്രായേൽ സർക്കാർ ജനങ്ങളോട് കള്ളം പറയുകയാണെന്നും ബന്ദി മോചന കരാറിലെത്താൻ ഒന്നും ചെയ്യുന്നില്ലെന്നും ഐനവ് സൻഗൗക്കർ ആരോപിച്ചു. എന്റെ കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ബന്ദികളിൽ കുറച്ചുപേർ മാത്രമേ ഇപ്പോൾ ജീവനോടെ ഉള്ളൂ. ഇനി എന്റെ മകനെ ബോഡി ബാഗിലോ ശരീരഭാഗങ്ങളായോ തിരികെ എത്തിച്ചാൽ ഞാൻ നിങ്ങളെ വിചാരണക്ക് കൊണ്ടുവരില്ല, പകരം നിയമം കൈയിലെടുക്കും ഐനവ് പറഞ്ഞു.