മണിപ്പൂരിലെ അക്രമം വർധിച്ചതിനെത്തുടർന്ന് 2,500-ഓളം അർധസൈനികരെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
മണിപ്പൂരിലെ അക്രമം വർധിച്ചതിനെത്തുടർന്ന് 2,500-ഓളം അർധസൈനികരെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മണിപ്പൂർ വീണ്ടും അശാന്തിയിലേക്ക് പോകുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. ആക്രമണം കൂടുതലായ ജിരിബാമിലാണ് ഇപ്പോൾ സൈനികരെ വിന്യസിക്കുക. നവംബർ 7 മുതൽ 13 മരണങ്ങളാണ് മണിപ്പൂരിൽ ഇതുവരെയും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോൾ 29,000-ത്തിലധികം പേർ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ അവിടെ സൈന്യവും അസം റൈഫിൾസും സജ്‌ജമായിട്ടുണ്ട്.
സംസ്ഥാനത്ത് 115 സിആർപിഎഫ് കമ്പനികൾ, ആർഎഎഫിൽ നിന്ന് എട്ട്, ബിഎസ്എഫിൻ്റെ 84, അഞ്ച് ഐടിബിപി യൂണിറ്റുകൾ, എസ്എസ്ബിയിൽ നിന്ന് ആറ് എന്നിങ്ങനെയാണ് സൈന്യ വിന്യാസം. ഏകദേശം 1,200 ഉദ്യോഗസ്ഥരുടെ സംഘം ഉടൻ ഇംഫാലിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. നവംബർ 7-ന് മൂന്ന് കുട്ടികളുടെ അമ്മയെ അക്രമികൾ ബലാത്സംഗം ചെയ്ത് ചുട്ടുകൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച, രണ്ട് സുരക്ഷാ പോസ്റ്റുകൾ ആക്രമിച്ചതിന് ശേഷം സിആർപിഎഫും പൊലീസും നടത്തിയ പ്രത്യാക്രമണത്തിൽ 10 സായുധ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.