നവീൻ ബാബുവിന്റെ മരണം; ടി .വി പ്രശാന്തിനെതിരായ പരാതിയിൽ പരാതിക്കാരന്റെ മൊഴിയെടുക്കാൻ വിജിലൻസ് സംഘം എത്തി
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തിനെതിരായ പരാതിയിൽ പരാതിക്കാരന്റെ മൊഴി എടുക്കാൻ വിജിലൻസ് സംഘം കണ്ണൂരിലെത്തി. പ്രശാന്തിനെതിരെ പരാതി നൽകിയത് കോൺഗ്രസ് നേതാവ് ടി.ഒ മോഹനൻ ആണ്. നവീൻ ബാബുവിന് പണം നൽകിയതിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്റെ പരാതിയിലെ ആവശ്യം.
കോഴിക്കോട് വിജിലൻസ് എസ്പിയാണ് മൊഴി എടുക്കുക. ടി .വി പ്രശാന്തിന്റെ മൊഴിയും ഇന്ന് എടുക്കാൻ സാധ്യതയുണ്ട്.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം നെട്ടോട്ടത്തിൽ.അന്വേഷണത്തിൻ്റെ ഭാഗമായി ആദ്യം പൂർത്തീകരിക്കേണ്ട നടപടികളാണ് ഇപ്പോൾ അന്വേഷണം സംഘം പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. ആറാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണ സംഘം കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് നൽകണം.അതിനായുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം.