താൻ വഴിയമ്പലമല്ല; സന്ദർശനത്തിന് തന്റെ സൗകര്യം നോക്കണം, യു ഡി എഫ് സ്ഥാനാർത്ഥികൾ വിളിച്ചിരുന്നു എന്ന്,വെള്ളാപ്പള്ളി നടേശൻ
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് വെള്ളാപ്പള്ളി നടേശന്‍. താന്‍ വഴിയമ്പലമല്ലെന്നും ഇന്ന് വിളിച്ചിട്ട് കാണണം എന്നു പറഞ്ഞാല്‍ കാണാന്‍ കഴിയില്ലെന്നും, തന്റെ സൗകര്യം കൂടി തനിക്ക് നോക്കണമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍, രമ്യ ഹരിദാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് വെള്ളാപ്പള്ളി നടേശന്‍ നിരസിച്ചത് .ഇതിനായി മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും വെള്ളാപ്പള്ളി നടേശന്‍ വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്.
എല്‍ഡിഎഫിന് തന്നെയായിരിക്കും മുന്‍തൂക്കമെന്നും, ചേലക്കരയില്‍ രമ്യ ഹരിദാസ് ജയിക്കാൻ സാധ്യത ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. രമ്യയ്ക്ക് സൗകര്യം ഉള്ളപ്പോള്‍ തന്നെ കാണണം സൗകര്യം ഇല്ലാത്തപ്പോള്‍ കാണേണ്ട എന്നു പറഞ്ഞാല്‍ നടക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈ തവണ വയനാട്ടില്‍ കഴിഞ്ഞതവണത്തെക്കാളും ഭൂരിപക്ഷം കൂടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം പി വി അൻവറിനെ യു ഡി എഫ് വെറുപ്പിക്കാൻ പാടില്ലായിരുന്നു എന്നും വെള്ളാപ്പളി പറഞ്ഞു. അന്‍വറിന്റെ ശക്തിയെ പരീക്ഷിക്കാന്‍ വെറുതെ ദേഷ്യപ്പെടുത്തുന്ന സംസാരങ്ങള്‍ ഒഴിവാക്കാമായിരുന്നു. യുഡിഎഫിന്റെ കണ്‍വീനര്‍ കുറച്ചു പക്വതയോടെയും വിനയമായും സംസാരിക്കണമായിരുന്നു, അദ്ദേഹത്തെ വെറുപ്പിക്കാൻ കഴയുന്നിടത്തോളം വെറുപ്പിച്ചു എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.