ആര്‍എസ്എസിന്റെയോ, എസ്ഡിപിഐയുടെയോ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല, പാലക്കാട്ട് എല്ലാ സമുദായങ്ങളുടെയും വോട്ട് ലഭിച്ചു; കെ മുരളീധരൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങളുടേയും വോട്ട് യുഡിഎഫിന് ലഭിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്‍എസ്എസിന്റെയോ, എസ്ഡിപിഐയുടെയോ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നത് പോലെ ന്യൂനപക്ഷ വര്‍ഗീയതയെയും യുഡിഎഫ് എല്ലാകാലത്തും എതിര്‍ത്തിട്ടുണ്ട്. നേമത്ത് എസ്ഡിപിഐ വോട്ട് സിപിഐഎം വാങ്ങിയിട്ടില്ലേ എന്നും കെ മുരളിധരൻ പറഞ്ഞു. നേമത്ത് വോട്ട് ചെയ്തത് ശിവന്‍കുട്ടിക്കാണെന്നും അവരെ സഹായിച്ചെന്നും എസ്ഡിപിഐ പരസ്യമായി തന്നെ പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയും എല്‍ഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ ജനാധിപത്യ പാര്‍ട്ടിയും ആവുന്നതെങ്ങനെ. നയത്തില്‍ വിശ്വാസമുള്ള ആര്‍ക്കും വോട്ട് ചെയ്യാം. പാലക്കാട്ടെ ജനങ്ങളോടാണ് വോട്ട് ചോദിച്ചത്. ഭരണഘടനാ വിരുദ്ധ വികാരം ശക്തമാണെന്ന് പാലക്കാട്ടെയും ചേലക്കരയിലേയും ഫലങ്ങളില്‍ നിന്നും നല്ലതുപോലെ വ്യക്തമാണ്. പാലക്കാട് വോട്ട് ക്രോഡീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ ചേലക്കരയില്‍ അത് വിഭജിച്ചുപോയി. ബിജെപി വോട്ട് വര്‍ധിപ്പിച്ചതും പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് ലഭിച്ച 4000 വോട്ടും അതാണ് സൂചിപ്പിക്കുന്നത്. ചേലക്കരയിലെ രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള മുഖ്യ കാരണം സുപരിചിതയാണ് എന്നതാണ്. ഭരണ വിരുദ്ധ വികാരം ചിതറിയതില്‍ പി വി അന്‍വറിനും പങ്കുണ്ട് എന്നും മുരളിധരൻ പറഞ്ഞു .